NADHA NINAKKAYI (നാഥാ നിനക്കായി...)

10th Jun 2017പ്രായം എനിക്ക് ഇരുപതിരുപത്തൊന്ന്,

തത്വശാസ്ത്രപഠനത്തിന്‍റെ (Philosophy) കളിയരങ്ങില്‍ നീഷേ, സാര്‍ത്രേ, ഹൈഡഗര്‍ തുടങ്ങിയവരുടെ പ്രഛന്നവേഷമിട്ട് മടുത്ത മനസ്സ്! അപ്പോഴെല്ലാം ഒരു തത്വജ്ഞാനിക്കും ആറ്റാനാവാത്ത ഒരു ഉള്‍ഉഷ്ണത്തില്‍ സ്വയമങ്ങുവെന്തുപോകുമോ എന്നുപോലും ഭയന്നു. വേനലിന്‍റെ വറുതിക്കാറ്റേറ്റു ആളുന്ന തീക്കൂനപോലെ ആളുന്നതെന്തോ ഒന്ന് ഉള്ളിലുണ്ടെന്നു ആ ദിവസങ്ങളില്‍ ഞാനറിഞ്ഞു. ഒരു ആത്മശൂന്യത... മുറിപ്പെടുത്തുന്ന ബാല്യകാലാനുഭവങ്ങള്‍ സമ്മാനിച്ച ഒരു ആത്മനീറ്റല്‍. ആ ആന്തരിക മുറിവുകളുടെ അനുഭവങ്ങള്‍ എനിക്ക് ഭയമായിരുന്നെങ്കിലും ഞാനവയെ ആദരിച്ചു, കാരണം ആ നീറ്റലുകളുടെ ചങ്ങഴിയില്‍ മറ്റുള്ള മനുഷ്യരുടെ നൊമ്പരങ്ങള്‍ അളന്നറിയാന്‍ എനിക്ക് കഴിഞ്ഞു. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഓസ്തിയില്‍ കണ്ട് ഞാന്‍ വാഴ്ത്തിയ കര്‍ത്താവിനെ എല്ലാവരിലും കാണാനും വാഴ്ത്താനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ സാത്താന്‍റെയും, സഹജരുടെയും അടിയേറ്റിട്ടുണ്ട്. അപ്പോഴെല്ലാം സ്നേഹിച്ചു തിരുത്തിയ വിശുദ്ധബന്ധങ്ങള്‍ പറഞ്ഞു പതറരുത്... ഈ ഹൃദയവിള്ളലുകളും ആത്മനീറ്റലും കൃപയുടെ വഴിത്താരയാകും...

തത്വശാസ്ത്രം കഴിഞ്ഞ് ളോവയിട്ട് തിരിച്ചെത്തി.. വടവാതൂര്‍ സെമിനാരിയില്‍. ഇനി ദൈവശാസ്ത്രത്തിന്‍റെ കടലുനീന്തണം നാലുവര്‍ഷം. എനിക്ക് പത്തിരുപത്തിനാലുവയസ്സ് കഴിഞ്ഞിരിക്കുന്നു. വെള്ളക്കുപ്പായമണിഞ്ഞ എന്‍റെ മനസ്സിനെ ലെഗിയോണ്‍ ഏഴുകുതിരകളെ പൂട്ടിയ സ്വര്‍ണ്ണരഥത്തില്‍ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു. പതറാതിരിക്കാന്‍ ഞാന്‍ പണിപ്പെട്ടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവിനുവേണ്ടി അര്‍ത്ഥവത്തായി എന്തെങ്കിലും ചെയ്യാനുള്ള കൊതി ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നു. സിരകളില്‍ ദൈവശാസ്ത്രവും, സ്വപ്നങ്ങളില്‍ വെളിപാടിന്‍റെ പലുങ്കുകടലും (വെളിപാട്) കണ്ട് ഞാന്‍ മുന്നോട്ട് ഓടി. ഹൃദയത്തില്‍ കുഞ്ഞാടിന്‍റെ രക്തത്തില്‍ വസ്ത്രമലക്കിയവനാകണമെന്ന കൊതിവളരുന്നു. മാലാഖ ഞങ്ങളെയെല്ലാം ദൈവശാസ്ത്രപഠനത്തിന്‍റെ രണ്ടാം സ്വര്‍ഗത്തിലെത്തിച്ചു. വി.പൗലോസ് മൂന്നാം സ്വര്‍ഗത്തില്‍നിന്നു വിളിച്ചു പറഞ്ഞു. ഓടിക്കോ... പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യമാക്കി ഓടിക്കോ... ഉള്ളില്‍ ഉറപ്പിച്ചു. ചോരത്തിളപ്പുള്ള കാലത്തുതന്നെ എന്തെങ്കിലും നാഥനുവേണ്ടി ചെയ്യണം. അങ്ങനെ മയങ്ങി ഉണര്‍ന്ന ഒരു പ്രഭാതം ഒരു പ്രാവ് പോലെ ചുണ്ടിലൊരു ഭാവഗീതത്തിന്‍റെ ഒലിവു ശിഖരവുമായി പറന്നുവന്നു (ഉല്‍പത്തി 8:11). അത് ഞാന്‍ കുറിച്ചു.

നാഥാ നിനക്കായി പാടിപ്പാടിയെന്‍

നാവു തളര്‍ന്നാല്‍ തളര്‍ന്നീടട്ടെ.....

ആ പരിപൂര്‍ണ്ണ സമര്‍പ്പണത്തിനായി ഞാനിപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.

(2002 സണ്‍‌ഡേ ശാലോം)


Related Posts

  • Christmas Song Collections by Fr Shaji Thumpechirayil